മുംബൈ: കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഇന്നലെ സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 78,000 പോയിന്റ് മറികടന്നു. നിഫ്റ്റി 23,700 പോയിന്റും ഭേദിച്ചും മുന്നേറി. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (വിദേശനാണ്യ വരുമാനവും ചെലവും തമ്മിലെ അന്തരം) ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ സര്‍പ്ലസ് (മിച്ചം) ആയിരുന്നെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടും ഏഷ്യന്‍ ഓഹരി വിപണികള്‍ പൊതുവേ കാഴ്ചവച്ച നേട്ടവുമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ ഉയര്‍ച്ചയിലേക്ക് നയിച്ചത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ വൈകില്ലെന്ന വിലയിരുത്തലും കരുത്തായി. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള 800 പോയിന്റോളം കുതിച്ച് 78,164 എന്ന സര്‍വകാല റെക്കോര്‍ഡ് ഉയരം കുറിച്ച സെന്‍സെക്‌സ് വ്യാപാരാന്ത്യത്തിലുള്ളത് 712.44 പോയിന്റ് (+0.92%) നേട്ടവുമായി 78,053.52ലും നിഫ്റ്റിയുള്ളത് 183.45 പോയിന്റ് (+0.78%) ഉയര്‍ന്ന് 23,721ലുമാണ്. എക്കാലത്തെയും മികച്ച ക്ലോസിങ് പോയിന്റാണിത്. ഇന്ന് ഇന്‍ട്രാഡേയില്‍ നിഫ്റ്റി 23,754 എന്ന റെക്കോഡ് തൊട്ടിരുന്നു. ഇന്നലെ രൂപയും ഡോളറിനെതിരെ നേട്ടം കുറിച്ചിരുന്നു. വ്യാപാരാന്ത്യത്തില്‍ മൂന്ന് പൈസ ഉയര്‍ന്ന് 83.44 ആണ് മൂല്യം.
മികച്ച വെയിറ്റേജുള്ള എച്ച്ഡിഎഫ്‌സി ബാങ്കടക്കം കാഴ്ചവച്ച മുന്നേറ്റം ഇന്ന് ബാങ്ക് നിഫ്റ്റിയെയും പുതിയ ഉയരത്തിലെത്തിച്ചു. ബാങ്ക് നിഫ്റ്റി 1.74% ഉയര്‍ന്ന് റെക്കോര്‍ഡ് 52,606ലെത്തി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.90%, ഐടി 0.81% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. 1.70 ശതമാനമാണ് നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേട്ടം. 1.75% താഴ്ന്ന നിഫ്റ്റി റിയല്‍റ്റിയാണു നഷ്ടത്തില്‍ മുന്നില്‍. ഊര്‍ജം, മെറ്റല്‍, സ്‌മോള്‍ക്യാപ്പ് ഓഹരികളിലും ഇന്നു കണ്ടത് വില്‍പനസമ്മര്‍ദ്ദമാണ്.
സ്ലൊവാക്യന്‍ കമ്പനിയായ ജിഐബി എനര്‍ജിക്‌സുമായി ലിഥിയം അയോണ്‍ സെല്‍ നിര്‍മാണക്കരാറിലേര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, വൈദ്യുത വാഹന ബാറ്ററി നിര്‍മാതാക്കളായ അമരരാജയുടെ ഓഹരിവില ഇന്ന് 20% ഉയര്‍ന്നു.