ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ വിപണി മൂല്യം 37,971.83 കോടി രൂപ ഇടിഞ്ഞ് 15,49,626.88 കോടി രൂപയിലെത്തി.
ജൂലൈ 29 ന് ടിസിഎസിന്റെ ഓഹരി വില 4406 രൂപയായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 2 ന് എന്‍എസ്ഇയില്‍ അത് 4283 രൂപയായി കുറഞ്ഞു. അതേസമയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ടാറ്റയുടെ ടിസിഎസ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.
കൂടാതെ, ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ എട്ടെണ്ണത്തിനും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 1,28,913.5 കോടി രൂപ ഇടിവ് രേഖപ്പെടുത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 23,811.88 കോടി രൂപ കുറഞ്ഞ് 7,56,250.47 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി.