ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇടപാടുകളിലെ സുതാര്യതയില്ലായ്മ, ലിസ്റ്റിംഗ് നിയമങ്ങള്‍ പാലിക്കാത്തത്, മുന്‍കാല ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമാക്കി സെബി അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അദാനി കമ്പനികള്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അദാനി കമ്പനികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള റെഗുലേറ്ററി ഫയലിംഗില്‍ ഇത് അറിയിച്ചിട്ടുണ്ട്.
അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 2023 ജനുവരിയില്‍ അദാനി കമ്പനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഓഹരി വില കൃത്രിമത്വവും കോര്‍പ്പറേറ്റ് വഞ്ചനയും നടത്തുന്നു എന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന ആരോപണങ്ങള്‍. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ സെബിയുടെ അന്വേഷണം. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം ഗൗതം അദാനി നിഷേധിച്ചിരുന്നു.