തിരുവനന്തപുരം: ചെറുകിട സംരംഭങ്ങള്‍ക്കായി പുതിയ ഡിജിറ്റല്‍ വായ്പ അവതരിപ്പിച്ച് എസബിഐ. വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.
വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം ഡിജിറ്റലായാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ്. അതിനാല്‍ നേരിട്ട് ബാങ്കില്‍ എത്തേണ്ട ആവശ്യമില്ല. ജി.എസ്.ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പദ്ധതി വഴി ജി.എസ്.ടി.ഐ.എന്‍ ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സി.ഐ.സി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്.
ജി.എസ്.ടിയുടെ കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്പന്നമാണിത്. നിലവിലുള്ള എസ്.ബി.ഐ ഉപയോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.