ദുബായ്: ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. പട്ടികയിൽ ആദ്യമായി ഒരു മലയാളി വനിതയും ഇടംപിടിച്ചു. മുത്തൂറ്റ് ഗ്രൂപ്പിലെ സാറാ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ ഏക മലയാളി വനിത. ആദ്യമായാണ് ഒരു മലയാളി വനിത ഫോബ്സ് പട്ടികയിൽ ഇടംപിടിക്കുന്നത്. ആഗോള തലത്തിൽ ഇവരുടെ സ്ഥാനം 2287 ആണ്. 130 കോടി ഡോളർ (10,790 കോടി രൂപ) ആണ് സാറയുടെ ആസ്തി.
അതിസമ്പന്ന പട്ടികയിലെ മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തന്നെയാണ്. 760 കോടി ഡോളർ (63,080 രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ലോക അതിസമ്പന്നരുടെ പട്ടികയിൽ കഴിഞ്ഞ വർഷം 497 ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 344 ാം സ്ഥാനത്തെത്തി.
ഇന്ത്യയിലെ അതി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്. 11600 കോടി ഡോളറിന്റെ (9.6 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 9ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; 8400 കോടി ഡോളറിന്റെ (6.9 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 17ാം സ്ഥാനത്താണ് അദാനി.
ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ആണ് ലോക അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 23300 കോടി ഡോളറിന്റെ സ്വത്തുണ്ട്. ഇലോൺ മസ്ക്കാണ് രണ്ടാം സ്ഥാനത്ത്; 19,500 കോടി ഡോളർ.