ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മുന്‍നിര വാഹനകമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പന 5.73 ലക്ഷം യൂണിറ്റ് പിന്നിട്ടു. ടാറ്റയുടെ പ്രതിവര്‍ഷ വളര്‍ച്ച ആറുശതമാനം രേഖപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ മൊത്ത വില്‍പന അഞ്ച് ദശലക്ഷം മറികടക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഉല്‍പ്പന്ന, പ്ലാറ്റ്‌ഫോം വികസനം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ആര്‍ക്കിടെക്ചറുകള്‍, വാഹന സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ നിക്ഷേപം നടത്തി വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജനുവരിയില്‍ ടാറ്റ മോട്ടോഴ്സ് അതിന്റെ പുതിയ അഡ്വാന്‍സ്ഡ് കണക്റ്റഡ് ടെക് ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോം പഞ്ച് ഇവിക്കൊപ്പം അവതരിപ്പിച്ചിരുന്നു.