മുംബൈ: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ നിയമിച്ചു. സഹകരണത്തിന്റെ ഭാഗമായി സച്ചിനെ കഥാപാത്രമാക്കി പ്ലേ ദി മാസ്റ്റർ സ്ട്രോക്ക്' എന്ന പേരിൽ ആദ്യ പ്രചാരണ പരിപാടിക്കും ബാങ്ക് തുടക്കമിട്ടു. സച്ചിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി ബാങ്ക് ഒഫ് ബറോഡയുടെ എല്ലാ ബ്രാൻഡിംഗ് ക്യാമ്പയിനുകളിലും സാമ്പത്തിക സാക്ഷരത, തട്ടിപ്പു തടയൽ, ഉപഭോക്താക്കളും ജീവനക്കാരുമായുള്ള ഇടപെടൽ എന്നിവയിലധിഷ്‌ഠിതമായ സന്ദേശം പകരാനാണ് ശ്രമം. നിലവിൽ 17 രാജ്യങ്ങളിൽ ബാങ്ക് ഒഫ് ബറോഡ സാന്നിദ്ധ്യമുണ്ട്. ആഗോള രംഗത്തെ സച്ചിന്റെ ജനപ്രിയത ബാങ്ക് ഒഫ് ബറോഡയ്ക്ക് വിദേശ വിപണികളിലും ഗുണമാകുമെന്നാണ് പ്രതീക്ഷ.