ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. ഏപ്രില്‍ മാസത്തില്‍ പ്രതിദിനം 1.72 മില്യണ്‍ ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ 9 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണിത്. വിപണി നിരീക്ഷകരായ വോര്‍ട്ടെക്സ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവയ്ക്ക് പുറമേ സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവയും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുകയാണ്.
റിലയന്‍സും നയാരയും ചേര്‍ന്ന് പ്രതിദിനം 7.70 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഏപ്രിലില്‍ വാങ്ങിയത്. ഇത് കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയരമാണ്. ഇന്ത്യന്‍ ഓയിലും ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും സംയുക്തമായി വാങ്ങിയത് പ്രതിദിനം 1.02 മില്യണ്‍ ബാരല്‍ വീതമാണ്. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയുമാണിത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ റഷ്യന്‍ എണ്ണ ഇറക്കുമതി 26 ശതമാനത്തില്‍ അധികമാണ്.