ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിൽ. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളർ വാങ്ങാൻ 84.0525 രൂപ വേണം.
അസംസ്‌കൃത എണ്ണ വില ഉയർന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
രണ്ടാഴ്ച മുൻപ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളെ തുടർന്ന് എണ്ണവില ഉയർന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.