ലോക പ്രമേഹ ദിനവും ശിശുദിനവും ഇന്നത്തെ ദിനമായതിനാല്‍ കുട്ടികളിലെ പ്രമേഹ സാധ്യതകളെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
പ്രമേഹം എത്രത്തോളം സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്ന രോഗാവസ്ഥാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മുതിര്‍ന്നവരില്‍ പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്ക് നാമെല്ലാവരും നേര്‍സക്ഷികളുമാണ്. എന്നാല്‍ കുട്ടികളില്‍ പ്രമേഹ സാധ്യത ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. വൈകിയുള്ള തിരിച്ചറിവ് രോഗത്തിന്റെയും, രോഗാവസ്ഥയുടെ സങ്കീര്‍ ണതകളും കൂടുന്നതിനൊപ്പം രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാനും കഴിയില്ല എന്നതാണ് സത്യം.
മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും, ഭക്ഷണരീതിയും, കൃത്രിമ മധുര പാനീയങ്ങളുടെയും ഉപയോഗവും നമ്മുടെ ആരോഗ്യത്തിന് ഓരോദിനവും വെല്ലുവിളികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അശ്രദ്ദ മൂലവും ഇത്തരം ജീവിതശൈലിയുടെ ഭാഗമായും ജീവിതകാലം മുഴുവന്‍ ദുരിതമനുഭവിക്കേണ്ട രോഗാവസ്ഥയാണ് പ്രമേഹം. ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളി തന്നെയാണ്. കുട്ടികളില്‍ രണ്ടു തരത്തിലുള്ള (ടൈപ്പ്1& ടൈപ്പ്2) പ്രമേഹമാണ് സധാരണ രീതിയില്‍ കണ്ടുവരുന്നത് . ആധുനിക കാലത്തെ ജീവിതശലിയിലെ മാറ്റത്തിനനുസരിച്ച് കാണപ്പെടുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
പ്രത്യേകിച്ച് 10 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ ഈ രോഗാവസ്ഥ കൂടുതലായി കണ്ട് വരുന്നു. കുട്ടികളില്‍ പ്രായത്തിനേക്കാള്‍ ശരീരഭാരം വര്‍ദ്ധിക്കുകയും അവരുടെ ബോഡി മാസ് ഇന്‍ഡക്സ് അതിനനുസരിച്ച് വര്‍ദ്ധിക്കുകയും ചെയ്യുന്നത് ചില മുന്നറിയിപ്പുകളാണ് നല്‍കുന്നത്. ഇവരില്‍ ടൈപ്പ് ടു പ്രമേഹത്തിന്റെ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരഭാരം കൂടുന്നത് മാത്രമല്ല അകാരണമായി കുറയുന്നതും അപകടം ഉണ്ടാക്കുന്നത് തന്നെയാണ്. ആവശ്യത്തിന് ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമായി ശരീരത്തിലെ ഊര്‍ജ്ജത്തിന് വേണ്ടി കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമാക്കി കണക്കാകരുത്. നമ്മുടെ അലംഭാവം ശരീരത്തെ അപകടകരമായ അവസ്ഥയിലെത്തിക്കും.
കുട്ടികളാണല്ലോ അവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ വരില്ല എന്ന ധാരണയാണ് ആദ്യം മാറ്റി നിര്‍ത്തേണ്ടത്. മുകളില്‍ പറഞ്ഞത് പോലെ പ്രമേഹം ഏത് പ്രായക്കാര്‍ക്കും ഉണ്ടാകാവുന്നതാണ്. അത് തടയുന്നതിന് വേണ്ടി കൃത്യമായ ഭക്ഷണ ശീലങ്ങളും വ്യായാമവും അത്യാവശ്യം തന്നെയാണ്. ജീവിതശൈലിയിലെ നിയന്ത്രണം ടൈപ്പ് ടു പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായകരമാകും.
വ്യായാമം എത്ര സമയം?
വ്യായാമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അത്യാവശ്യമുള്ളതാണ്. ദിവസേനയുള്ള ആരോഗ്യകരമായ വ്യായാമവും ഭക്ഷണരീതിയും കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഒരു മണിക്കൂറെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. യോഗ പോലുള്ള വ്യായാമ മുറകളും ശീലിക്കുന്നത് നല്ലതാണ്. ഇത്തരം ശീലങ്ങള്‍ കുട്ടികള്‍ സ്മാര്‍ട്ടാവുന്നതിനും ആക്റ്റീവ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നതോടൊപ്പം പ്രമേഹ സാധ്യതകള്‍ കുറക്കുകയും ചെയ്യുന്നു. കൂടാതെ കുട്ടികളില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം.
കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനവും കളിയും എല്ലാം സ്‌ക്രീനില്‍ ഒതുങ്ങുന്ന അവസ്ഥയിലായിരുന്നെല്ലോ. ഇതിന്റെ ഫലമായി ഇപ്പോള്‍ കുട്ടികളില്‍ സ്‌ക്രീന്‍ സമയം മുന്‍പെത്തേക്കാള്‍ വര്‍ദ്ധിച്ചു എന്നതാണ് സത്യം. കുട്ടികളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി നമുക്ക് ഇതിനെ കണക്കാക്കാവുന്നതാണ്. കാരണം ഒരേ ഇരിപ്പ് നിങ്ങളുടെ കുഞ്ഞിന്റെ സ്മാര്‍ട്നസിനേയും ഇല്ലാതാക്കുന്നതോടൊപ്പം അനാരോഗ്യകരമായ ശരീരഭാരം ഉയര്‍ത്തുന്നതിനും അത് മൂലം പ്രമേഹ സാദ്ധ്യതയും കൂടുതലായിരിക്കും.
കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതോടൊപ്പം ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുന്നതിനും പ്രതേകം ശ്രദ്ധിക്കണം. കൂടാതെ ടിവി, മറ്റ് ഇലക്ടോണിക് ഉപകരണങ്ങള്‍, എന്നിവയ്ക്ക് പ്രത്യേക സമയം അനുവദിക്കാനും ശ്രദ്ധിക്കണം. കൃത്രിമ നിറങ്ങളും പഞ്ചസാര ലായനികളും അടങ്ങിയ പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
പഞ്ചസാര ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക , കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പതിവായി വ്യായാമം ചെയ്യുക. ആറ് മണിക്കൂര്‍ എങ്കിലും കുട്ടികളെ സുഖമായി ഉറക്കുന്നതിന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ പ്രമേഹ സാധ്യത ഒഴിവാക്കാം.
തയ്യാറാക്കിയത്:
Dr.Vimal M V
Senior Consultant - Endocrinology
Aster MIMS Hospital
Calicut