ന്യൂഡൽഹി: എടിഎം കാർഡില്ലാതെ പണം നിക്ഷേപിക്കുന്നതിന് സംവിധാനം ഒരുക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്. എ.ടി.എം ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ കാർഡില്ലാതെ പണം നിക്ഷേപിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ആർ.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ സംവിധാനം എന്നുമുതൽ ആരംഭിക്കും എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തതയില്ല.നിലവിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഉപയോഗിച്ച് കാർഡ്‌ലെസ് പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്നുണ്ട്. ഇതേ മാതൃക തന്നെയാകും ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിലും നടപ്പിലാക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ സംവിധാനം വരുന്നതിലൂടെ ഇനി നിക്ഷേപം എളുപ്പത്തിൽ സാധ്യമാകും.
അതേസമയം രാജ്യത്ത് ഡിജിറ്റലായി പണമിടപാട് നടത്തുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. മാർച്ചിൽ മാത്രം 19.78 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകളുടെ എണ്ണം മാർച്ചിൽ 1,344 കോടിയായി ഉയരുകയും ചെയ്തിരുന്നു.