ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഐപിഒയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡിന്റെ അടുത്ത മാസം നടക്കുന്ന യോഗത്തിലുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ജിയോയുടെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അടുത്തിടെ മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചതും 5ജി നെറ്റ്വര്‍ക്ക് നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്ന അധിക വരുമാനവും ജിയോക്ക് ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എ.ആര്‍.പി.യു) വര്‍ധിപ്പിക്കും. ടെലികോം വിപണിയിലെ വളര്‍ച്ചയെ കാട്ടുന്ന എ.ആര്‍.പി.യു വര്‍ധിക്കുന്നത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തുള്ള പ്രശസ്തിയും ബ്രാന്‍ഡ് മൂല്യവും നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
ബ്രോക്കറേജ് ഗ്രൂപ്പായ ജെഫ്രീസ് 11.11 ലക്ഷം കോടി രൂപയാണ് ജിയോയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ജിയോയുടെ ഐ.പി.ഒ 55,000 കോടി രൂപ കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയാകും. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലുത്. 3.5 ശതമാനം ഓഹരികളാണ് എല്‍.ഐ.സി അന്ന് ഓഹരി വിപണിയിലേക്ക് ഇറക്കിയത്.