അനില്‍ അംബാനിയ്ക്ക് തിരിച്ചടി; റിലയന്‍സ് ഇന്‍ഫ്രാ ഓഹരി താഴേക്ക്

കമ്പനിയുടെ ഓഹരി വില വ്യാഴാഴ്ച 20 ശതമാനം കുറഞ്ഞു.

author-image
anumol ps
New Update
anil ambani

അനില്‍ അംബാനി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരിവില താഴേക്ക്. കമ്പനിയുടെ ഓഹരി വില വ്യാഴാഴ്ച 20 ശതമാനം കുറഞ്ഞു. 227.60 രൂപയിലായിരുന്നു ഓഹരിയുണ്ടായിരുന്നത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 287 രൂപയായിരുന്ന ഓഹരിവിലയായിരുന്നു താഴേക്ക് പോയത്. റിലയന്‍സ് ഇന്‍ഫ്രായുടെ ഉപസ്ഥാപനമായ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിവിലയില്‍ ഇടിവുണ്ടായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 8,000 കോടി രൂപ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന് നല്‍കണമെന്ന ആര്‍ബിട്രല്‍ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഡി.എം.ആര്‍.സി ഇതുവരെ നല്‍കിയ പണം തിരികെ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഫ്രായുടെ ഓഹരിവില 9.05 രൂപയിലേക്ക് താഴുകയും പിന്നീട് 308 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 33 ശതമാനം നേട്ടം റിലയന്‍സ് ഇന്‍ഫ്രായിലെ നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. 

2008ലാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ സെക്ടര്‍21 ദ്വാരക വരെ എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈന്‍ സജ്ജമാക്കാനുള്ള  കരാറില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസും ഡി.എം.ആര്‍.സിയും ധാരണയിലെത്തുന്നത്.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസും കൈകാര്യം ചെയ്യുന്ന വിധമായിരുന്നു കരാര്‍. എന്നാല്‍, 2012ല്‍ പദ്ധതിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് പിന്മാറി.ഡി.എം.ആര്‍.സിയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഇതിനെതിരെ ഡി.എം.ആര്‍.സി പിന്നീട് ആര്‍ബിട്രേഷന്‍  നടപടിയാരംഭിച്ചു. എന്നാല്‍, ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ഡി.എം.ആര്‍.സിക്കെതിരെയാണ് നിലപാട് എടുത്തത്. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന് ഡി.എം.ആര്‍.സി 2,782.33 കോടി രൂപ നല്‍കണമെന്നും 2017ല്‍ ട്രൈബ്യൂണല്‍ വിധിച്ചു. നിലവില്‍ ആര്‍ബിട്രല്‍ തുക 8,009.38 കോടി രൂപയിലെത്തി. ഇതിനകം 1,678.42 കോടി രൂപ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന് ഡി.എം.ആര്‍.സി നല്‍കിയിട്ടുണ്ട്. ബാക്കി 6,330.96 കോടി രൂപ കൂടി ഈടാക്കാന്‍ നടപടി വേണമെന്നായിരുന്നു ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന്റെ ആവശ്യം. ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ഇതുവരെ അടച്ചപണം തിരികെ നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. 

 

 

anil ambani reliance infra