ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ റിലയന്‍സിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ഉപരോധങ്ങള്‍ക്കിടയിലും എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അമേരിക്കയില്‍ നിന്ന് അനുമതി ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെനസ്വേലയ്‌ക്കെതിരായി അമേരിക്ക ഏപ്രിലില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ചില സ്ഥാപനങ്ങള്‍ക്ക് വെനസ്വേലയുമായി വ്യാപാരം നടത്തുന്നതിന് അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഉപരോധം പിന്‍വലിച്ചതിന് ശേഷം, വെനസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റിലയന്‍സിന്റെ വിഹിതം ഏകദേശം 90% ആയിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുനല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണ, എണ്ണപ്പാടങ്ങള്‍ക്കെതിരായ ഉപരോധം യുഎസ് താല്‍ക്കാലികമായി നീക്കിയിരുന്നു. കരാര്‍ പാലിക്കുന്നതില്‍ വെനസ്വേല പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രിലില്‍ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.
റിലയന്‍സിന് പുറമെ, പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡും വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇളവ് തേടി അമേരിക്കയെ സമീപിച്ചിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ആണ് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഉപരോധത്തിന് മുമ്പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍, വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിദിനം 100,000 ബാരല്‍ ക്രൂഡ് ഓയില്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 2% മാത്രമാണ്. അതേസമയം, മാര്‍ച്ചില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. ഇറാഖും സൗദി അറേബ്യയുമാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍.