ന്യൂഡൽഹി: ഓഹരികളിൽ റെക്കോർഡ് നിക്ഷേപവുമായി മ്യൂച്വൽ ഫണ്ടുകൾ. മാർച്ചിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 45,120 കോടി രൂപയാണ് നിക്ഷേപിച്ചത്. സ്‌മോൾക്യാപ്, മിഡ്‌ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത്. മ്യൂച്ചൽ ഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ് സ്ഥാപനങ്ങളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടുന്ന ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ (ഡിഐഐ) നിന്നുള്ള മൊത്തത്തിലുള്ള നിക്ഷേപം 56,300 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിയത്. ഈ വർഷം ഇതുവരെ മ്യൂച്ചൽ ഫണ്ടുകൾ 82,500 കോടി രൂപയുടെ ഓഹരി വാങ്ങൽ നടത്തി. 30,900 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും (എഫ്‌പിഐ) മാർച്ചിൽ ഇന്ത്യൻ ഓഹരികളിൽ വൻ നിക്ഷേപം നടത്തി.