മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 % ആയി തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാൻ സാധ്യതയെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 

author-image
anumol ps
New Update
shaktikanth das

 


ന്യൂഡൽഹി: തുടർച്ചയായ പത്താം തവണയും മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. പണവായ്പ നയം പ്രഖ്യാപിച്ചു.ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 

‌ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തൽക്കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആർബിഐ എത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 % ആയി തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാൻ സാധ്യതയെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ കൂടി ന്യൂട്രൽ നിലപാട് സ്വീകരിക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.

നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയർന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കിൽ 2.5 ശതമാനം വർദ്ധനയാണ് വരുത്തിയത്. എന്നാൽ റിസർവ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു.

 

reserve bank of india interest rate