ന്യൂഡല്‍ഹി: കോട്ടക് മഹീന്ദ്ര ബാങ്കിന് കര്‍ശന നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക്. ഓണ്‍ലൈനായോ മൊബൈല്‍ ബാങ്കിങ് വഴിയോ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. ഉപഭോക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ബാങ്കിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും നിലവില്‍ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. പേ്ടിഎം, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, ജെ.എം ഫിനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ് എന്നിവയ്‌ക്കെതിരെയും മുമ്പ് കടുത്ത നിലപാടുകള്‍ ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെയും റിസര്‍വ് ബാങ്ക് കടുത്ത നിലപാടെടുത്തിരിക്കുന്നത്.
കോട്ടക് മഹീന്ദ്ര ബാങ്കിലെ കംപ്ലയിന്‍സും റിസ്‌ക് മാനേജ്‌മെന്റും സംബന്ധിച്ച് ചില ആശങ്കകള്‍ നിലനിന്നിരുന്നു. 2022, 2023 വര്‍ഷങ്ങളിലെ കോട്ടക്കിന്റെ ഐ.ടി സംവിധാനങ്ങള്‍ പരിശോധിച്ചപ്പോള്‍ വലിയ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഐ.ടി ഇന്‍വെന്ററി മാനേജ്‌മെന്റ്, പാച്ച് ആന്‍ഡ് ചേഞ്ച് മാനേജ്‌മെന്റ്, യൂസര്‍ ആക്‌സസ് മാനേജ്‌മെന്റ്, വെണ്ടര്‍ റിസ്‌ക് മാനേജ്‌മെന്റ്, ഡേറ്റ സെക്യൂരിറ്റി, ഡേറ്റ ചോര്‍ച്ച തടയുന്ന സംവിധാനം തുടങ്ങി വിവിധ മേഖലകളില്‍ ഗുരുതരമായ വീഴ്ചയാണ് ആര്‍.ബി.ഐ കണ്ടെത്തിയത്.