ന്യൂഡൽഹി: പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം ഉയർന്നു നിൽക്കുന്നതാണ് കാരണം. സെപ്റ്റംബറിലെ വിലക്കയറ്റതോത് 5.49 ശതമാനമായിരുന്നു. അടുത്ത മാസം വരാനിരിക്കുന്ന കണക്കും ഉയർന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 6ലെ പണനയപ്രഖ്യാപനത്തിൽ പലിശ കുറച്ചേക്കുമെന്ന അനുമാനങ്ങൾക്കിടെയാണ് ഗവർണറുടെ സുപ്രധാന പരാമർശം.പലിശ കുറയ്ക്കുന്നത് എന്നായിരിക്കുമെന്ന വ്യക്തമായ സൂചന അദ്ദേഹം നൽകിയില്ല. വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യം നടന്ന പണനയസമിതി യോഗത്തിൽ തുടർച്ചയായി പത്താം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകിയിരുന്നു.എസ്ബിഐ ഗവേഷണവിഭാഗത്തിന്റെ അഭിപ്രായത്തിൽ 2025ലായിരിക്കും ആർബിഐ പലിശനിരക്ക് കുറയ്ക്കുന്നത്.