ന്യൂഡല്‍ഹി: ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും (മെട്രോ കാര്‍ഡുകള്‍) ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള ഇ-മാന്‍ഡേറ്റ് സംവിധാനം അനുസരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന്് 24 മണിക്കൂര്‍ മുമ്പെങ്കിലും പ്രീ-ഡെബിറ്റ് അറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. ഫാസ്ടാഗ്, എന്‍സിഎംസി ഇടപാടുകളുടെ ക്രമരഹിതമായ സ്വഭാവം തിരിച്ചറിഞ്ഞിട്ടും ഇവയെയും ഇലക്ട്രോണിക് മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴിലാക്കാന്‍ ജൂണിലാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്.
ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അനുസരിച്ച് ബാലന്‍സ് ഉപഭോക്താവ് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ എത്തുമ്പോള്‍ ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ കഴിയും. നിശ്ചിത സമയപരിധിയില്ലാതെ ഇടപാടുകള്‍ ആവര്‍ത്തിക്കുന്ന സ്വഭാവമാണ് ഫാസ്ടാഗില്‍ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഫാസ്ടാഗില്‍ ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയുന്നതിനെ പ്രീ ഡെബിറ്റ് നോട്ടിഫിക്കേഷനില്‍ നിന്ന് ഒഴിവാക്കിയതായും ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.