ന്യൂഡല്‍ഹി: അതിവേഗത്തില്‍ വായ്പ അനുവദിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വായ്പ നിര്‍ണയം അടക്കം വിവിധ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം ലഘൂകരിച്ച് ചെറുകിട, ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ യുപിഐയ്ക്ക് സമാനമായി യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫെയ്സ് (യുഎല്‍ഐ) എന്ന പേരില്‍ ഒരു പ്ലാറ്റ്ഫോമിന് തുടക്കമിടാനാണ് ആര്‍ബിഐയുടെ പദ്ധതി. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കാര്‍ഷിക, എംഎസ്എംഇ വായ്പക്കാര്‍ക്ക് യുഎല്‍ഐ വലിയ തോതിലുള്ള വായ്പാ ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യവ്യാപകമായി യുഎല്‍ഐ ലോഞ്ച് ഉടന്‍ നടക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്‌മെന്റ് ഇക്കോസിസ്റ്റം മാറ്റിയതുപോലെ, യുഎല്‍ഐയും വായ്പ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലൈസേഷന്‍ ചെയ്യുക എന്ന ആര്‍ബിഐ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.