മുംബൈ: സൂചികകള്‍ നഷ്ടത്തിലാണെങ്കിലും മുന്നേറി റെയില്‍ ഓഹരികള്‍. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ വികാസ് നിഗം ലിമിറ്റഡ്(ആര്‍വിഎന്‍എല്‍), ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍(ഐആര്‍എഫ്സി) തുടങ്ങിയവയാണ് ഓഹരികളുടെ നേട്ടത്തില്‍ മുന്നില്‍.
ആര്‍വിഎന്‍എലിന്റെ ഓഹരി വിലയില്‍ 12 ശതമാനമാണ് മുന്നേറ്റമുണ്ടായത്. 550 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഐആര്‍എഫ്സിയാകട്ടെ ഏഴ് ശതമാനത്തോളം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 206 രൂപയിലെത്തുകയും ചെയ്തു. ഇര്‍കോണ്‍ ആകട്ടെ ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന് 334 രൂപയുമായി. ഐആര്‍സിടിസിയുടെ ഓഹരി വിലയിലും രണ്ട് ശതമാനത്തോളം കുതിപ്പുണ്ടായി.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനമാണ് റെയില്‍ ഓഹരികളുടെ നേട്ടത്തിന് ഇടയാക്കിയത്. 2,500 പുതിയ ജനറല്‍ പാസഞ്ചര്‍ കോച്ചുകള്‍ നിര്‍മിക്കും. കൂടാതെ, 10,000 കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
50 അമൃത് ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും റെയില്‍വേ ഓഹരികളുടെ കുതിപ്പിന് ആക്കംകൂട്ടി. അതിവേഗ, ആഢംബര ട്രെയിനുകളാണ് അമൃത് ഭാരത്. റെയില്‍വെയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റില്‍ കൂടുതല്‍ പദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയും ഓഹരികളുടെ വിലയെ സ്വാധീനിച്ചു.