മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം 2.11 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ധന കമ്മി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2022-2023ല്‍ 87,416 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്.
2018-2019ലാണ് ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കിയത്. 1.76 ലക്ഷം കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ബിഐയുടെ 608ാമത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് ഇത്രയും തുക ലാഭവിഹിതമായി നല്‍കാന്‍ തീരുമാനം കൈ കൊണ്ടത്.
നടപ്പു സാമ്പത്തിക വര്‍ഷം ധന കമ്മി 17.34 ലക്ഷം കോടി രൂപയില്‍ (മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.1 ശതമാനം) പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന് ഒരു കൈ സഹായമാണ് ആര്‍ബിഐയില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്നത്. ബജറ്റില്‍ ആര്‍ബിഐ ,പൊതു മേഖലാ ധനസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 1.02 ലക്ഷം കോടി രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.