ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 11,059.1 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 9.648.2 കോടി രൂപയായിരുന്നു. 14.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏഴ് ബ്രോക്കറേജുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ബാങ്ക് 10,614 കോടി രൂപയുടെ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 19,552.9 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനമാണ് വര്‍ധനവ്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.15 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.43 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 0.42 ശതമാനമായിരുന്നു. ബാങ്കിന്റെ ഓഹരികള്‍ 0.81 ശതമാനം ഉയര്‍ന്ന് 1207.70 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.