തിരുവനന്തപുരം : ഇ-ഗവേണന്‍സ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ചര്‍ പദ്ധതി സജീവമാക്കുന്നു. പൗരന്റെ ജനനം മുതലുളള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ പദ്ധതിയുടെ വിശദരേഖ തയ്യാറാക്കുന്ന ഘട്ടമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നടപടികള്‍ ആരംഭിക്കുന്നതിന് വൈകിയതിനാല്‍ പദ്ധതിക്ക് പ്രാഥമികമായി അനുവദിച്ച 2.03 കോടി രൂപ നേരത്തെ മടക്കി നല്‍കിയിരുന്നു.
പദ്ധതി സംബന്ധിച്ച വിശദരേഖ തയ്യാറാക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഗവണ്‍മെന്റിന് 32 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിവിധ പോര്‍ട്ടലുകളെ ആശ്രയിക്കുന്നതിന് പകരം എല്ലാ സേവനങ്ങളും ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ പോര്‍ട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും 81 വകുപ്പുകളിലെ തൊള്ളായിരത്തോളം സേവനങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍, ആധാര്‍ സേവനങ്ങള്‍, പേമെന്റ് ഗേറ്റ്വേ, നോട്ടിഫിക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ചാകും പദ്ധതി നടപ്പാക്കുക.