കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിലുള്ള ഓഹരി പങ്കാളിത്തം ആഗോള നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്കസ് വന്‍ നേട്ടത്തില്‍ പൂര്‍ണമായി വിറ്റൊഴിയുന്നു. വാര്‍ബര്‍ പിങ്കസിന്റെ അനുബന്ധ കമ്പനിയായ ഹൈഡല്‍ ഇന്‍വെസ്റ്റ്മെന്റ്സ് വ്യാഴാഴ്ച സ്റ്റോക് എക്‌സ്ചേഞ്ചുകളിലെ ബ്ലോക്ക് ഇടപാടുകളിലൂടെ 6.81 ശതമാനം ഓഹരി വിറ്റൊഴിഞ്ഞു. വ്യാഴാഴ്ചത്തെ ഓഹരിവില അനുസരിച്ച് ഇതിന്റെ മൂല്യം ഏതാണ്ട് 4,100 കോടി രൂപ വരെയുണ്ടാകും. ഇതോടെ, കമ്പനിയില്‍ വാര്‍ബര്‍ പിങ്കസിനുള്ള (ഹൈഡല്‍ ഇന്‍വെസ്റ്റ്മെന്റ്സ്) ഓഹരി പങ്കാളിത്തം പൂര്‍ണമായി ഇല്ലാതെയാകുകയാണ്.
വാര്‍ബര്‍ പിങ്കസിന് കല്യാണില്‍ 9.17 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 2.36 ശതമാനം ഓഹരികള്‍ കല്യാണ്‍ ജൂവലേഴ്സ് ഉടമകളായ ടി.എസ്. കല്യാണരാമന് 1,300 കോടി രൂപയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞ ദിവസംതന്നെ ധാരണയായിരുന്നു. അടുത്ത നാല് ആഴ്ചകള്‍ക്കുള്ളില്‍ ഈ ഇടപാട് പൂര്‍ത്തിയാകും. ഇതോടെ, കല്യാണരാമനും കുടുംബത്തിനും കൂടിയുള്ള ഓഹരി പങ്കാളിത്തം നിലവിലുള്ള 60.59 ശതമാനത്തില്‍നിന്ന് 62.95 ശതമാനമായി ഉയരും.