ന്യൂഡൽഹി: ഓൺലൈൻ പേയ്‌മെൻറ് സംവിധാനമായ പേടിഎം കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഇതോടെ 6000 ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കാമെന്നാണ് റിപ്പോർട്ട്. മാതൃ കമ്പനിയുടെ നഷ്ടം വർധിച്ചതാണ് പിരിവിടലിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം.
ചിലവ് ചുരുക്കുന്നതിൻറെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളിലാണ് പേടിഎമ്മിൻറെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ്. ജോലിക്കാരുടെ 15-20 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ 5000-6300 പേർക്ക് തൊഴിൽ നഷ്‌ടം സംഭവിക്കും. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 400-500 കോടി രൂപയുടെ കുറവാണ് ചിലവിൽ വൺ97 കമ്മ്യൂണിക്കേഷൻസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി 32798 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. 7.87 ലക്ഷം രൂപയായിരുന്നു ഇവരുടെ ശരാശരി വാർഷിക ശമ്പളം. എന്നാൽ ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ 34 ശതമാനത്തിൻറെ വർധനവുണ്ടായതോടെ ശരാശരി വാർഷിക പ്രതിഫലം 10.6 ലക്ഷമായി ഉയർന്നു. ഈ ഞെരുക്കം മറികടക്കാൻ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ട്.
പേടിഎമ്മിൻറെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിലെ സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. കമ്പനിയുടെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2,334 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നടപ്പുപാദത്തിൽ 3 ശതമാനം കുറഞ്ഞ് 2,267 കോടി രൂപയായി.