തിരുവനന്തപുരം : തിരക്കേറിയ ജീവിതത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അതും കുറഞ്ഞ നിരക്കില്‍ ആകുമ്പോള്‍ വലിയ സ്വീകാര്യതയും ലഭിക്കും. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയിരുന്നു 'കേരള സവാരി'.
ഇപ്പോഴിതാ പദ്ധതിക്ക് ജീവന്‍ വച്ചിരിക്കുകയാണ്. സോഫ്റ്റ്വെയര്‍ പ്രശ്നങ്ങളും സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാര്‍ വിമുഖത കാട്ടിയതും മൂലം തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
പുതിയ രീതിയില്‍ സവാരി ആരംഭിക്കാനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കൂടുതല്‍ തുക ചെലവഴിക്കാനാണ് തീരുമാനം.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വഹിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാര്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്ന് നിരക്ക് പുതുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. സവാരിയുടെ സോഫ്റ്റ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനെയാണ് (ഐ.ടി.ഐ) ചുമതലപ്പെടുത്തിയിരിക്കുന്നത്.