മുംബൈ : ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയെ നിയമിച്ചു. 2011ന് ശേഷം രണ്ട് ബോര്‍ഡുകളിലും ഒരേസമയം പ്രവര്‍ത്തിക്കുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയല്‍. അദ്ദേഹം എത്തിയതോടെ ടാറ്റ ട്രസ്റ്റ്‌സിന്റെ പ്രതിനിധികളായി മൂന്ന് പേര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഇടംപിടിച്ചു.
ടിവിഎസ് ചെയര്‍മാന്‍ ഇമെരിറ്റസ് വേണു ശ്രീനിവാസന്‍, മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ് എന്നിവരാണ് മറ്റു രണ്ട് പേര്‍. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മൂന്നിലൊന്ന് അംഗങ്ങളെ നിര്‍ദേശിക്കാന്‍ ഏറ്റവും കൂടുതല്‍ ഓഹരി (66%) കൈവശമുള്ള ടാറ്റ ട്രസ്റ്റ്‌സിന് അവകാശമുണ്ട്. 165 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സിനെ നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റ്‌സ് ആണ്.
രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. ഡയറക്ടര്‍ ബോര്‍ഡില്‍ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, മൂന്ന് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, നാല് സ്വതന്ത്ര ഡയറക്ടര്‍മാര്‍ എന്നിവരാണുള്ളത്.