ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ വ്യവസ്ഥകളില്‍ പ്രധാനം.
കൂടാതെ, അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകള്‍ പൂര്‍ണ്ണമായും മാറ്റി പുതിയത് വാങ്ങണം. ഓഗസ്റ്റ് ഒന്നു മുതല്‍, എല്ലാ ഫാസ്ടാഗുകളും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായും ഷാസി നമ്പറുമായും ബന്ധിപ്പിച്ചിരിക്കണം. പുതിയ വാഹന ഉടമകള്‍ ഫാസ്ടാഗ് വാങ്ങി 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.
കൃത്യമായ വാഹന വിവരങ്ങള്‍ ഉപയോഗിച്ച് ഡാറ്റാബേസുകള്‍ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. എളുപ്പം തിരിച്ചറിയുന്നതിനായി വാഹനത്തിന്റെ മുന്‍വശത്തെയും വശങ്ങളിലെയും വ്യക്തമായ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണം. മെച്ചപ്പെട്ട ആശയവിനിമയത്തിനായി ഓരോ ഫാസ്ടാഗും ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.