ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടിനും പിഎംഎസിനും ഇടയില്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി സെബി. പ്രവര്‍ത്തനരീതി ഘടനാപരമായി മ്യൂച്വല്‍ ഫണ്ടുകളെപോലെയാകുമെങ്കിലും മിനിമം നിക്ഷേപ തുക 10 ലക്ഷമെങ്കിലും നിശ്ചയിക്കാനാണ് ലക്ഷ്യമിടുന്നത്.
പിഎംഎസിന്(പോര്‍ട്ഫോളിയോ മാനേജുമെന്റ് സര്‍വീസ്)നിലവില്‍ ചുരുങ്ങിയ നിക്ഷേപം 50 ലക്ഷം രൂപയാണ്. ഉയര്‍ന്ന റിസ്‌കും കൂടുതല്‍ തുകയുടെ നിക്ഷേപവും ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍. അനധികൃത നിക്ഷേപ പദ്ധതികള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം അവതരിപ്പിക്കുന്നത്.
10,000 കോടി രൂപയുടെ നിക്ഷേപ ആസ്തിയുള്ള മ്യൂച്വല്‍ ഫണ്ടുകളെ സ്‌കീം തുടങ്ങാന്‍ അനുവദിക്കും. 5,000 കോടി രൂപയുടെ ആസ്തിയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള എഎംസികളെയും പരിഗണിച്ചേക്കും.
ഹെഡ്ജിങ്, പോര്‍ട്ട്ഫോളിയോ റീബാലന്‍സിങ് എന്നിവ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി ഡെറിവേറ്റീവ് ഇടപാടുകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. ഹ്രസ്വ-ദീര്‍ഘ കാല ഇക്വിറ്റി ഫണ്ടുകളും ഇടിഎഫുകളും ഉള്‍പ്പെടുന്ന നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. എസ്ഐപി, എസ്ഡബ്ല്യുപി, എസ്ടിപി എന്നീ സൗകര്യങ്ങളും പദ്ധതിയില്‍ ഉണ്ടാകും.