ന്യൂഡൽഹി: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് ബില്യണയർ ഇൻഡെക്സ്. മലയാളിയും എഡ്-ടെക് സ്ഥാപനമായ ബൈജൂസിന്റെ ഉടമയുമായ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലായതായി ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ഫോർബ്സിന്റെ പട്ടികയിൽ മുൻപന്തിയിലായിരുന്ന ബൈജു ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടില്ല. കഴിഞ്ഞ വർഷം ബൈജുവിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ബൈജൂസിന്റെ സ്ഥാപനങ്ങളിലുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ആസ്തി കുറയുന്നതിന് ഇടയാക്കിയത്.
2011ലായിരുന്നു എഡ്ടെക് സ്ഥാപനമായ ബൈജൂസ് ആരംഭിക്കുന്നത്. ആദ്യഘട്ടങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്അപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2022ൽ കമ്പനിയുടെ മൂല്യം 22 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. നൂതനമായ ലേണിങ് ആപ്ലിക്കേഷനിലൂടെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു തുടക്കം കുറിക്കാൻ ഇതിലൂടെ കമ്പനിക്ക് സാധിച്ചു. പ്രൈമറി സ്കൂൾ വിദ്യാർഥികൾ മുതൽ എംബിഎ വിദ്യാർഥികൾക്ക് വരെയാണ് ഇതിലൂടെ സേവനം ലഭിച്ചിരുന്നത്.
നഷ്ടം നേരിട്ടതോടെ നിരവധി ഓഫീസുകൾ പൂട്ടാൻ കഴിഞ്ഞ ദിവസമായിരുന്നു കമ്പനി നിർദ്ദേശം നൽകിയത്. ബെംഗളൂരുവിലെ ഓഫീസ് മാത്രം നിലനിർത്തി മറ്റ് ഓഫീസുകൾ പൂട്ടാനായിരുന്നു നിർദ്ദേശം. ഓഫീസുകളിലുള്ള ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാനും നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75 ശതമാനം ജീവനക്കാർക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം തടഞ്ഞുവെച്ചിരുന്നു.
അതേസമയം, ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാൻ നിക്ഷേപകരുടെ ഭാഗത്തുനിന്ന് ശ്രമവും നടന്നിരുന്നു. ഇതിനുപിന്നാലെ സിഇഒ ആയി തുടരുമെന്ന പ്രഖ്യാപനവുമായി ബൈജു രവീന്ദ്രൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സ്ഥാപനത്തിന്റെ ഓഹരി ഉടമകൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബൈജുവിന്റെ വിശദീകരണം. ബൈജൂസിലെ ജീവനക്കാർക്കയച്ച കുറിപ്പിലായിരുന്നു ബൈജു രവീന്ദ്രന്റെ വാദം.