ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 294 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 202 കോടി രൂപയായിരുന്നു. 45 ശതമാനമാണ് വര്‍ധനവ്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 507.68 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 490.24 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയിലെത്തി.
മൊത്തം കിട്ടാക്കടം മുന്‍ വര്‍ഷത്തെ 5.13 ശതമാനത്തില്‍നിന്ന് 4.50 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.44 ശതമാനമായും കുറഞ്ഞു.റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയായപ്പോള്‍ വായ്പാ വിതരണം 11.44 ശതമാനം ഉയര്‍ന്ന് 82,580 കോടി രൂപയിലെത്തി. കേരളം ആസ്ഥാനമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.