ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിലെ ലാഭം 18,951 കോടി രൂപയായി. 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 19,299 കോടി രൂപയായിരുന്നു.
അതേസമയം ഒക്ടോബര്‍-ഡിസംബര്‍ പാദത്തെക്കാള്‍ 9.76 ശതമാനം വര്‍ധനവുണ്ട്. ഈ പാദത്തില്‍ 17,265 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മൊത്തം വരുമാനം ഇക്കാലയളവില്‍ 11 ശതമാനം ഉയര്‍ന്ന് 2.40 ലക്ഷം കോടി രൂപയായി. എണ്ണ വില ഉയര്‍ന്നതു മൂലം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 11 ശതമാനത്തോളം വര്‍ധിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം മുന്‍ വര്‍ഷത്തെ 66,702 കോടി രൂപയില്‍ നിന്ന് 4.62 ശതമാനം ഉയര്‍ന്ന് 69,621 കോടി രൂപയായി.
2024 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടുന്ന ആദ്യ കമ്പനിയെന്ന നാഴികക്കല്ലും റിലയന്‍സ് പിന്നിട്ടു. കമ്പനിയുടെ വിറ്റുവരവ് 9.74 ലക്ഷം കോടി രൂപയില്‍ നിന്ന് 2.6 ശതമാനം ഉയര്‍ന്ന് 10 ലക്ഷം കോടി രൂപയായി. മറ്റു വരുമാനങ്ങള്‍ക്കും ജി.എസ്.ടിക്കും ശേഷമുള്ള മൊത്തം വരുമാനം 2.6 ശതമാനം ഉയര്‍ന്ന് 9.14 ലക്ഷം കോടി രൂപയുമായി.
റിലയന്‍സിന്റെ എണ്ണ വാതക ബിസിനസില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 42 ശതമാനമാണ് വര്‍ധനവ്. ഒ2സി ബിസിനസില്‍ നിന്നുള്ള വരുമാനം നാലാം പാദത്തില്‍ 110.9 ശതമാനം വളര്‍ച്ചയോടെ 1.42 ലക്ഷം കോടി രൂപയായി.
റീറ്റെയ്ല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 67,610 കോടി രൂപയായി. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നിവയും വളര്‍ച്ച രേഖപ്പെടുത്തി.
2024 മാര്‍ച്ച് 31 പാദത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റ കടം 1.16 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ മൊത്തം കടം ഇതോടെ 3.24 ലക്ഷം കോടി രൂപയായി. മൊത്തം കടം മുന്‍ വര്‍ഷത്തേക്കാള്‍ 10,656 കോടി രൂപ ഉയര്‍ന്നെങ്കിലും അറ്റ കടം 9,485 കോടി രൂപ കുറഞ്ഞിട്ടുണ്ട്.
റിലയന്‍സിനു കീഴിലുള്ള ടെലികോം കമ്പനിയായ ജിയോ 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 5,337 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,716 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തന വരുമാനം 11 ശതമാനം വര്‍ധിച്ച് 23,394 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 25, 955 കോടി രൂപയായിരുന്നു.