കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം മണപ്പുറം ഫിനാന്‍സ് 2,198 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷം ഇത് 1,500 കോടി രൂപയായിരുന്നു. 47 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം 35.7 ശതമാനം ഉയര്‍ന്ന് 564 കോടി രൂപയായി. മുന്‍ വര്‍ഷമിത് 415 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ വരുമാനം 2,362.22 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,798 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം ആസ്തി 18.7 ശതമാനം ഉയര്‍ന്ന് 42,070 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 35,428 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 32 ശതമാനം ഉയര്‍ന്ന് 8,848 കോടി രൂപയായി. മുന്‍ വര്‍ഷം 6,697 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റ ആസ്തിമൂല്യം 11,548 കോടി രൂപയാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 1.70 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 1.93 ശതമാനവുമാണ്.