ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ എല്‍ഐസിയുടെ അറ്റാദായം 13,763 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 13,428 കോടി രൂപയായിരുന്നു. 2 ശതമാനമാണ് വര്‍ധനവ്. ആകെ വരുമാനം 2,50,923 കോടി രൂപ. മുന്‍വര്‍ഷം 2,00,185 കോടിയായിരുന്നു. ആദ്യവര്‍ഷ പ്രീമിയത്തില്‍നിന്നുള്ള വരുമാനം ഉയര്‍ന്ന് 13,810 കോടിയായി. പ്രീമിയം റിന്യൂവല്‍ വഴിയുള്ള വരുമാനം 77,368 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 40,676 കോടി രൂപയാണ്. ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് ആറ് രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്‍.ഐ.സിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി അവലോകന കാലയളവില്‍ 2.01 ശതമാനമായി കുറഞ്ഞു. പുതിയ ബിസിനസ് 4.66 ശതമാനം ഉയര്‍ന്ന് 9,583 കോടി രൂപയിലെത്തി. വ്യക്തിഗത മേഖലയില്‍ അവലോകന കാലയളവില്‍ എല്‍. ഐ.സി 2.03 കോടി പോളിസികളാണ് വിറ്റഴിച്ചത്. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഇക്കാലയളവില്‍ 51.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൊത്തം ആസ്തി 43.97 ലക്ഷം കോടി രൂപയായിരുന്നു.