കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജുവലേഴ്‌സിന്റെ അറ്റാദായ കണക്കുകള്‍ പുറത്തുവിട്ടു. 2024 ജനുവരി-മാര്‍ച്ച് പാദത്തിലെ കല്യാണ്‍ ജുവലേഴ്‌സിന്റെ അറ്റാദായം 137 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 70 കോടി രൂപയായിരുന്നു. 96 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിറ്റുവരവ് 34 ശതമാനം ഉയര്‍ന്ന് 4,535 കോടി രൂപയായി. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് മാത്രം 3,876 കോടി രൂപയായി. 38 ശതമാനമാണ് വളര്‍ച്ച. ഇന്ത്യയില്‍നിന്നുള്ള ലാഭം 131 കോടി രൂപയാണ്. ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 624 കോടി രൂപയായും ലാഭം 9.9 കോടി രൂപയായും വര്‍ധിച്ചു.
കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് മുന്‍ വര്‍ഷത്തെ 14,071 കോടി രൂപയില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷം 18,548 കോടി രൂപയായി വര്‍ധിച്ചു. വാര്‍ഷിക ലാഭം 596 കോടി രൂപയാണ്.
മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 1.20 രൂപ നിരക്കില്‍ ലാഭവീതം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഈയിനത്തില്‍ മൊത്തം 120 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക.