ന്യൂഡല്‍ഹി: എച്ച്ഡി എഫ്‌സി ബാങ്കിന്റെ നാലാം പാദത്തിലെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 16,511 കോടി രൂപയായി. മുമ്പ് ഇത് 16,373 കോടി രൂപയായിരുന്നു. 0.84 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബാങ്കിന്റെ വരുമാനം 47,240 കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ സബ്‌സിഡിയറി കമ്പനിയായ എച്ച്ഡിഎഫ്‌സി ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 7340 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ച തുകയും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 29,007 കോടി രൂപ എന്ന നിലയിലാണ്.
ബാങ്കിന്റെ ഗ്രോസ് നോണ്‍ പെര്‍ഫോമിങ് അസറ്റ് 1.24 ശതമാനമാണ്. മുമ്പത്തെ പാദത്തില്‍ ഇത് 1.26 ശതമാനമായിരുന്നു. മാര്‍ച്ച് പാദത്തില്‍ ബാങ്കിലെ ആകെ ഡെപ്പോസിറ്റ് 23.79 ലക്ഷം കോടി രൂപയാണ്. കറന്റ് അക്കൗണ്ടുകളില്‍ ആകെ 3.1 ലക്ഷം കോടിയുടെയും, സേവിങ്‌സ് അക്കൗണ്ടുകളില്‍ ആകെ 5.97 ലക്ഷം കോടി രൂപയുടെയും നിക്ഷേപമാണുള്ളത്.
ബാങ്കിന്റെ റീടെയില്‍ വായ്പകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 108.9 ശതമാനം വളര്‍ച്ച നേടി. വാണിജ്യ, റൂറല്‍ ബാങ്കിങ് വായ്പകള്‍ 24.6 ശതമാനമായി ഉയര്‍ന്നു. കോര്‍പറേറ്റ്, ഹോള്‍സെയില്‍ വായ്പകള്‍ 4.2 ശതമാനമായി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 19.50 രൂപയാണ് ലാഭവിഹിതം.മെയ് 10 നാണ് റെക്കോര്‍ഡ് തീയതി.