കൊച്ചി: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്ക് 906.30 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 461937.36 കോടി രൂപയിലെത്തി. 19.11 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 213386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ദ്ധനവോടെ 252534.02 കോടി രൂപയായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 174446.89 കോടി രൂപയില്‍ നിന്ന് 209403.34 കോടി രൂപയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 67435.34 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 21486.65 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 73596.09 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 21.13 ശതമാനം വര്‍ദ്ധിച്ച് 17072.58 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25000 കോടി രൂപ പിന്നിട്ടു.
അറ്റപലിശ വരുമാനം 14.97 ശതമാനം വര്‍ധിച്ച് 2195.11 കോടി രൂപയിലെത്തി. ബാങ്കിന്റെ ഏറ്റവുമുയര്‍ന്ന അറ്റപലിശ വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1909.29 കോടി രൂപയായിരുന്നു. 4528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1255.33 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29089.41 കോടി രൂപയായി വര്‍ധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1500ലധികം ശാഖകളും 2013 എടിഎമ്മുകളുമുണ്ട്.