കൊച്ചി: 2023-24 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസിന്റെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇസാഫിന്റെ ലാഭം 43.4 കോടി രൂപയാണ്. മുൻ വർഷത്തെ ഇതേ കാലയളവിൽ 101.4 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത മൂന്ന് മടങ്ങ് ഉയർന്നത് ലാഭത്തെ ബാധിക്കുകയും ആസ്തി നിലവാരം കുറയാൻ ഇതിടയാക്കുകയും ചെയ്തു.
ബാങ്കിന്റെ പ്രവർത്തനലാഭം 30 ശതമാനം ഉയർന്ന് മുൻവർഷത്തെ 219 കോടിയെ അപേക്ഷിച്ച് 285 കോടിയായെങ്കിലും കിട്ടാക്കടം തരണം ചെയ്യാനായി 226 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വർഷം 82 കോടി രൂപ നീക്കി വച്ച സ്ഥാനത്താണിത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 352 കോടിയിൽ നിന്ന് ഇരട്ടിയോളം വർധിച്ച് 893 കോടി രൂപയായി. ജി.എൻ.പി.എ അനുപാതം 2.5 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി ഉയർന്നു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.13 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി.
ബാങ്കിന്റെ മൊത്തം ബിസിനസ് 39,527 കോടി രൂപയായി. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് ബാങ്ക് കൈവരിച്ചത്. മൊത്തം വായ്പകൾ 123.1 ശതമാനം വർധനയോടെ 18,722 കോടി രൂപയിലെത്തി. ഇക്കാലയളവിൽ നിക്ഷേപങ്ങൾ 120.8 ശതമാനം വർധിച്ച് 19,868 കോടിയുമായി.
നിലവിൽ 57 രൂപയിലായിരുന്നു ഓഹരി വ്യാപാരം നടന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നഷ്ടം 13 ശതമാനത്തിലധികമാണ്.
2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇസാഫിന് 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 753 ശാഖകളുണ്ട്. ഇതിൽ 57 ശതമാനവും അർദ്ധ നഗരപ്രദേശങ്ങളിലാണ്. ബാങ്കിന്റെ മൊത്തം ഉപയോക്താക്കൾ 83.7 ലക്ഷമാണ്. 5,967 ജീവനക്കാരും 35 ബിസിനസ് കറസ്പോണ്ടന്റുമാരും 5,024 ബാങ്കിംഗ് ഏജന്റുമാരുമുണ്ട്. രാജ്യത്തെമ്പാടുമായി 614 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.