ന്യൂഡല്‍ഹി: 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ 1,439 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,350 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ഏഴു ശതമാനമാണ് വര്‍ധനവ്. അറ്റ പലിശവരുമാനം ഏഴു ശതമാനം വര്‍ധിച്ച് 5,937 കോടി രൂപയായി. പലിശയിതര വരുമാനം 1,751 കോടി രൂപയായി താഴ്ന്നു.
2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക അറ്റാദായം 57 ശതമാനം ഉയര്‍ന്ന് 6,318 കോടി രൂപയിലെത്തി. അറ്റ പലിശവരുമാനമാകട്ടെ, 14 ശതമാനം വര്‍ധനയോടെ 23,053 കോടിയായി.
ബാങ്കിന്റെ ആഗോള ബിസിനസ് 11.65 ശതമാനം നേട്ടവുമായി 13.24 ലക്ഷം കോടി രൂപയിലെത്തി. ഇതില്‍ നിക്ഷേപം 7.38 ലക്ഷം കോടിയും വായ്പ 5.86 ലക്ഷം കോടി രൂപയുമാണ്. കിട്ടാക്കടവും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി വായ്പയുടെ 1.66 ശതമാനത്തില്‍നിന്ന് 1.22 ശതമാനമായാണ് കുറഞ്ഞത്.