ന്യൂഡല്‍ഹി: റിലയന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ കമ്പനിയുടെ ലാഭത്തില്‍ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 332 കോടി രൂപയില്‍ നിന്ന് 313 കോടി രൂപയായാണ് ലാഭം കുറഞ്ഞത്. ഇക്കാലയളവില്‍ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 413.13 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധനയോടെ 417.82 കോടി രൂപയുമായി.
കമ്പനിയുടെ മൊത്തം ചെലവുകള്‍ 53.81 കോടി രൂപയില്‍ നിന്ന് 79.35 കോടി രൂപയായി. തിങ്കളാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വ്യാപാരം അവസാനിപ്പിച്ചതിനു ശേഷമാണ് ജിയോ ഫിനാന്‍ഷ്യല്‍ പാദഫലക്കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ രണ്ട് ശതമാനത്തിലധികം ഇടിവോടെയായിരുന്നു കമ്പനിയുടെ ഓഹരികളിലെ വ്യാപാരം നടന്നത്. ഈ വര്‍ഷം ഇതു വരെ 48 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2023 ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്തത് മുതല്‍ ഇതുവരെ 60 ശതമാനത്തിലധികം നേട്ടവും നല്‍കിയിട്ടുണ്ട്.