കോഴിക്കോട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുമ്പോഴും കുട്ടികള്‍ക്കിടയിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി മൈജി. 'ഫോണ്‍ വേണ്ട', കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണ്ട എന്ന ക്യാമ്പെയിന്‍ കേരളമെമ്പാടും ശിശുദിനത്തോടനുബന്ധിച്ച് എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടത്തി.
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ ക്രിയേറ്റിവിറ്റിയുടെ ലോകത്തേക്ക്, കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ക്യാമ്പെയിന് തുടക്കമിട്ടതെന്ന് മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ കെ ഷാജി അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുമ്പോഴും കുട്ടികള്‍ക്കിടയിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തേണ്ടത് ഞങ്ങളുടെ സാമൂഹ്യപരമായ ഉത്തരവാദിത്തമായാണ് മൈജി കണക്കാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവരുടെ ഇടയില്‍ പോലും മൊബൈല്‍ ഫോണിന്റെ ആരോഗ്യകരമായ ഉപയോഗത്തെയാണ് മൈജി പ്രോത്സാഹിപ്പിക്കുന്നത്.
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ കാഴ്ച്ച തകരാറുകള്‍, മയോപ്പിയ, തള്ള വിരലിനും നടുവിനും ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ എന്നിവ സൃഷ്ടിച്ചേക്കാം. വലിയ തോതില്‍ ഡോപാമിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ഫോണ്‍ അഡിക്ഷന്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് കുട്ടിയുടെ ഓര്‍മ്മശക്തി, ഉറക്കം, പ്രോബ്ലം സോള്‍വിങ് സ്‌കില്‍ എന്നിവയെ ദോഷകരമായി ബാധിക്കും, ഉത്കണഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, പഠനത്തില്‍ ശ്രദ്ധ കുറയാന്‍ കാരണമാകും. ഒപ്പം സാമൂഹികമായ കഴിവുകളുടെ വികാസം തടയപ്പെടുന്നു എന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ട്ടൂണുകളും ഗെയിമിങ്ങും സൃഷ്ടിക്കുന്ന സാങ്കല്‍പ്പിക ലോകത്ത് പെട്ട്‌പോവുന്ന കുട്ടികള്‍ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കൊച്ചു കുട്ടികളെ അനുസരിപ്പിക്കുന്നതിന് വേണ്ടി കാര്‍ട്ടൂണ്‍ കാണിച്ചും ഗെയിം കളിക്കാന്‍ നല്‍കിയും മാതാപിതാക്കള്‍ തന്നെയാണ് അവരെ മൊബൈല്‍ ഫോണിന് അഡിക്റ്റാക്കുന്നത്. പിന്നീട് ഫോണ്‍ കുട്ടികള്‍ക്ക് ഒരു ശീലമായി മാറുന്നു. ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ കുട്ടികളെ മൊബൈല്‍ ഫോണുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക, പഠനാവശ്യങ്ങള്‍ക്ക് മാത്രം ഫോണ്‍ നല്‍കുക, മൊബൈല്‍ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുക., കിടപ്പുമുറി, ഡൈനിംഗ് ഏരിയ പോലുള്ള സ്ഥലങ്ങള്‍ സ്‌ക്രീന്‍ രഹിത സോണുകളാക്കുക, കുട്ടികളെ പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക, സ്‌പോര്‍ട്‌സ്, സൈക്ലിംഗ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ ഫിസിക്കല്‍ ആക്ടിവിറ്റീസിന് പ്രാധാന്യം നല്‍കുക, ഡ്രോയിംഗ്, പെയിന്റിംഗ്, എഴുത്ത്, സംഗീതം തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പാചകം, ബോര്‍ഡ് ഗെയിമുകള്‍, പസിലുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ പേരന്റ്‌സും ഏര്‍പ്പെട്ട് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക എന്നീ മുന്‍കരുതലുകളിലൂടെ കുട്ടികളെ മൊബൈല്‍ ഫോണില്‍ നിന്നും ഡിസ്‌കണക്റ്റാക്കി സര്‍ഗ്ഗാത്മകതയുടെ ലോകത്തേക്ക് കൊണ്ടുവരാമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.