New Update
കോഴിക്കോട്: സമൂഹത്തിൽ ഡിജിറ്റൽ സാക്ഷരത സൃഷ്ടിക്കുക, മുതിർന്നവരെ ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ സഹായിക്കുക തുടങ്ങിയവ ലക്ഷ്യംവെച്ചുള്ള മൈജിയുടെ സിഎസ്ആർ ഇനിഷ്യേറ്റിവായ സ്മാർട്ട് സ്റ്റാർട്ടിന് കോഴിക്കോട് വുഡീസ് ഹോട്ടലിൽവെച്ച് ആരംഭമായി.
പ്രധാനമായും 50 വയസ്സിന് മുകളിലുള്ളവർക്ക് ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ നടത്തിയ പരിപാടി നടനും എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസും മൈജിയുടെ ചെയർമാൻ & മാനേജിങ് ഡയറക്ടറായ എ. കെ. ഷാജിയും മൈജിയുടെ ചീഫ് ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ അനീഷ് സി ആർ, മൈജിയുടെ ജനറൽ മാനേജർമാരായിട്ടുള്ള കൃഷ്ണകുമാർ കെ , അവിനാഷ് ആർ എന്നിവരും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ടെക്നോളജി ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നതിനൊപ്പം എഐ തരംഗവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ മുതിർന്നവരാരും ഒറ്റപ്പെട്ട് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് മൈജി സ്മാർട്ട് സ്റ്റാർട്ടിന് ആരംഭം കുറിച്ചിരിക്കുന്നത്. പലപ്പോഴും വെർച്വൽ അറസ്റ്റ് , യു പി ഐ തട്ടിപ്പ് , ഓൺലൈൻ വായ്പ തട്ടിപ്പ് പോലുള്ളവയ്ക്ക് ഇരയാവുന്നത് നമ്മുടെ മുതിർന്ന ആളുകളാണ്. ഇത്തരം സാഹചര്യങ്ങളുണ്ടാവാതെ അവരെ സഹായിക്കുവാൻ മൈജി , സ്മാർട്ട് സ്റ്റാർട്ട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മൈജിയുടെ ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ ഷാജി പറഞ്ഞു.
ഡിജിറ്റലായ കാര്യങ്ങൾ പഠിച്ചാൽ ജീവിതം കൂടുതൽ ഈസിയാവുമെന്നും , മക്കൾ വിദേശത്തൊക്കെ ആയിരിക്കുന്ന ആളുകൾക്കുംമറ്റും ഡിജിറ്റൽ സ്വയംപര്യാപ്തത ഒരു അനുവാര്യതയാണെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ നടനും , എഴുത്തുകാരനും, ആർജെയുമായിട്ടുള്ള ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. ഇന്നത്തെ കാലം മനുഷ്യർ എളുപ്പത്തിൽ പറ്റിക്കപ്പെടുന്ന ഒരു കാലമാണ്, ഒറിജിനലാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ന് കൂടുതലായും സോഷ്യൽ മീഡിയ വഴി പുറത്ത് വരുന്നത് അതിനാൽതന്നെ നിങ്ങൾ ഷെയർ ചെയ്യുന്ന ഓരോ വാർത്തയും ആധികാരികമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പങ്കുവെക്കപ്പെടുന്നത് മുതിർന്നവരുടെ വാട്സ്ആപ്പുകളിലൂടെയാണെന്നും ഈ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ നമ്മുടെ ശബ്ദത്തിൽ പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻപോലും ഈ എഐ കാലത്ത് വളരെ എളുപ്പമാണെന്നും അതിനാൽതന്നെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മുതിർന്നവർ മനസിലാക്കണമെന്നും, കണ്ണുംപൂട്ടി വിശ്വസിച്ച് അപകടത്തിൽ ചാടരുതെന്നും അദ്ദേഹം പറഞ്ഞു.
മൈജി ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ മേധാവി ഹിരോഷ് ഒതയങ്കലൻ, സിവിൽ പോലീസ് ഓഫീസർ തുളസിദാസ് പി, സിവിൽ പോലീസ് ഓഫീസർ ശിവകുമാർ പി, സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ അസി. മാനേജർ അശ്വതി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് , കോഴിക്കോട് സിറ്റി എസിപി ഉമേഷ് എ നിർവ്വഹിച്ചു.
വിവിധ ആപ്പുകൾ പരിചയപ്പെടുക, ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുക, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തുക, ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുക, ഗാഡ്ജെറ്റ്സിന്റെ സെക്യൂരിറ്റി ഉറപ്പ് വരുത്തുക, വ്യക്തികളുടെ സ്വകാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ വളരെ പ്രാധാന്യമുള്ള വിഷയങ്ങൾ വർക്ക്ഷോപ്പിൽ പരിചയപ്പെടുത്തി.