ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടില്‍ തവണ വ്യവസ്ഥയില്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്.ഐ.പി.) അക്കൗണ്ടുകളില്‍നിന്നുള്ള പിന്‍വലിക്കല്‍ ജൂലായില്‍ റെക്കോഡ് ഉയരത്തില്‍. ഒറ്റ മാസംകൊണ്ട് 14,367 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചിരിക്കുന്നത്.
ഓഹരിവിലകള്‍ പുതിയ ഉയരത്തിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുത്ത് വിറ്റതാണ് പിന്‍വലിക്കല്‍ ഉയരാന്‍ കാരണം. മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ പുതിയ സ്‌കീമുകളുടെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.) അവതരിപ്പിച്ചപ്പോള്‍ അതില്‍ നിക്ഷേപിക്കാന്‍ വേണ്ടി പണം സ്വരൂക്കൂട്ടിയതും എസ്.ഐ.പി. നിക്ഷേപം പിന്‍വലിക്കാന്‍ കാരണമായി. ഏതാനും കമ്പനികള്‍ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യുമായി എത്തിയതും നിക്ഷേപകരെ അതിലേക്ക് ആകര്‍ഷിച്ചു.
ഇതിനിടയിലും 23,332 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപം ജൂലായ് മാസം നിക്ഷേപകരില്‍നിന്നുണ്ടായി. ഇതില്‍നിന്ന് പിന്‍വലിക്കല്‍ കുറച്ചാല്‍ എസ്.ഐ.പി.യിലേക്ക് ജൂലായില്‍ എത്തിയ അറ്റ നിക്ഷേപം 8,964 കോടി രൂപയാണ്.