ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കിയത് 46,100 കോടി രൂപ മൂല്യമുള്ള ഓഹരികള്‍.
2023ലെ അവസാന മൂന്ന് മാസങ്ങളിലെ വില്പന പ്രവണതയെ അട്ടമിറിച്ചാണ് ഫണ്ടു ഹൗസുകളുടെ ഈ നീക്കം. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ഡിസംബറിലെ 19.5 ശതമാനത്തില്‍നിന്ന് 2024 ജൂണില്‍ 24.8 ശതമാനമായി. അതേസമയം, വിദേശ പോര്‍ട്ഫോളിയോ നിക്ഷേപമാകട്ടെ 52.3 ശതമാനത്തില്‍നിന്ന് 47.2 ശതമാനമായി കുറഞ്ഞു.
മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്ന ജനുവരിയില്‍ ഓഹരി വിലയില്‍ 14 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. വിദേശ നിക്ഷേപകരുടെ റെക്കോഡ് വില്പനയാണ് അന്ന് ഓഹരി വിലയെ ബാധിച്ചത്. മാര്‍ച്ചിനും ജൂണ്‍ അവസാനത്തിനുമിടയില്‍ ഓഹരി വില 20 ശതമാനം ഉയര്‍ന്ന് 1,794 നിലവാരത്തിലേക്കെത്തുകയും ചെയ്തു. താഴ്ന്ന മ്യൂല്യം ആകര്‍ഷിച്ചതോടൊപ്പം നിഫ്റ്റി, സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കുമാണ് എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുതിപ്പുണ്ടാക്കിയത്. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ ഫലം പുറത്തുവന്നതിനു ശേഷം ഓഹരി വീണ്ടും സമ്മര്‍ദം നേരിട്ടു.
എച്ച്ഡിഎഫ്സി ബാങ്കിന് പുറമെ, ഇന്‍ഡസ് ടേവഴ്സ്, എംഫസിസ്, വേദാന്ത, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ വാങ്ങിക്കൂട്ടാനും മ്യൂച്വല്‍ ഫണ്ടുകള്‍ താത്പര്യം പ്രകടിപ്പിച്ചു. രണ്ട് ഐടി കമ്പനികളിലായുള്ള മൊത്തം നിക്ഷേപം 4,870 കോടി രൂപയാണ്.