മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിൽ ഇടിവ്. മുൻ മാസത്തെ 38,239 കോടിയെ അപേക്ഷിച്ച് സെപ്റ്റംബറിൽ 34,419 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. അതേസമയം, സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് (എസ്‌ഐപി) നിക്ഷേപത്തിൽ എക്കാലത്തെയും ഉയർന്ന തുക രേഖപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബറിൽ 24,508.73 കോടി രൂപയാണ് എസ്‌ഐപിയായെത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്‌മോൾ ക്യാപ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം മുൻ മാസത്തെ 3,209 കോടി രൂപയിൽനിന്ന് 3,070 കോടി രൂപയായി കുറഞ്ഞു. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 3,054ൽനിന്ന് 3,130 കോടിയായി ഉയരുകയും ചെയ്തു. ലാർജ് ക്യാപ് വിഭാഗത്തിൽ 56.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,901 കോടിയിൽനിന്ന് 1,769 കോടിയായി. മൾട്ടി ക്യാപ്, വാല്യു -എന്നീ വിഭാഗങ്ങളിലെ ഫണ്ടുകളിലും നിക്ഷേപം കൂടിയിട്ടുണ്ട്. വാല്യു വിഭാഗത്തിൽ 1,728 കോടിയിൽനിന്ന് 1,964.35 കോടിയായി. മൾട്ടി ക്യാപിലാകട്ടെ നിക്ഷേപ തുക 41.77 ശതമാനം വർധിച്ച് 3,508.8 കോടി രൂപയുമായി.
എസ്‌ഐപി നിക്ഷേപം ഓഗസ്റ്റിലെ 23,547.34 കോടി രൂപയിൽനിന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 24,508.73 കോടിയിലെത്തി. 66,38,857 പുതിയ എസ്‌ഐപികളാണ് സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ മൊത്തം എസ്‌ഐപി തുക 13.81 ലക്ഷം കോടിയിലെത്തി. ഓഗസ്റ്റിൽ 13.38 ലക്ഷം കോടി രൂപയായിരുന്നു മൊത്തം എസ്‌ഐപി നിക്ഷേപം.