മുംബൈ: ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ.ചൈനയുടെ തലസ്ഥാനമായ ബീജിംഗിനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുംബൈ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബീജിംഗിലെ 16,000 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരാണ് ഇപ്പോൾ മുംബൈയിലെ 603 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഹുറുൺ റിസർച്ചിന്റെ 2024-ലെ ആഗോള റിച്ച് ലിസ്റ്റ് പ്രകാരം ഒരു വർഷത്തിനിടെ മുംബെെയിൽ നിന്ന് 26 ശതകോടീശ്വരന്മാരാണെങ്കിൽ ബീജിംഗിൽ ഇത് 18 ശതകോടീശ്വരന്മാരാണ് ഉള്ളത്. ഇതോടെ ഏഷ്യയിലെ ശതകോടീശ്വന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയിരിക്കുകയാണ്.
119 ശതകോടീശ്വരന്മാരുമായി ഏഴ് വർഷത്തിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോർക്ക് നഗരം. 97 ശതകോടീശ്വരന്മാരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരുമായി മുംബൈയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ബീജിംഗിൽ 91 ശതകോടീശ്വരന്മാരാണുള്ളത്. ഇന്ത്യയിൽ ആകെ 271 ശതകോടീശ്വരന്മാരാണുള്ളതെങ്കിൽ ചൈനയിൽ 814 ശതകോടീശ്വരന്മാരാണുള്ളതെന്ന് ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ പറയുന്നു.
മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി മുൻ വർഷത്തേക്കാൾ 47 ശതമാനം വർദ്ധിച്ച് 445 ബില്യൺ ഡോളറായി. എന്നാൽ ബീജിംഗിൽ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 28 ശതമാനം കുറഞ്ഞ് 265 ബില്യൺ ഡോളറായി. ഊർജ്ജമേഖലയിലും ഔഷധനിർമ്മാണ മേഖലയുമാണ് മുംബൈയുടെ സമ്പത്തിൽ ബൃഹത് പങ്ക് വഹിക്കുന്നത്. ശതമാന കണക്ക് പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ മംഗൾ പ്രഭാത് ലോധയാണ് മുംബൈയിലെ ഏറ്റവും വലിയ സമ്പത്ത് നേടിയത് (116%).ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരന്മാർ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുകയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ കുതിപ്പ് തന്നെയാണ് ഇതിന് പിന്നിൽ. ഗൗതം അദാനി എട്ട് സ്ഥാനം ഉയർത്തി 15-ാം സ്ഥാനത്താണ്.