ന്യൂഡൽഹി: സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി.
കുതിച്ചുയരുന്ന കായിക വിപണിയിൽ റിലയൻസിന്റെ സ്വന്തം ബ്രാന്റ് വികസിപ്പിക്കാനാണ് മുകേഷ് അംബാനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
കായിക വിപണിയിലെ ഫ്രഞ്ച് റീട്ടെയിലർ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ്. ഡെക്കാത്‌ലോണിന്റേത് സമാനമായി മുൻനിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ 8,000-10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലങ്ങൾ പാട്ടത്തിനെടുക്കുന്നതിന് റിലയൻസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബ്രാന്റിന്റെ പേര് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
2009-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2023-ൽ 3,955 കോടി രൂപയായി ഉയർന്നു. 2022-ൽ 2,936 കോടി രൂപയും 2021-ൽ 2,079 കോടി രൂപയുമായിരുന്നു കമ്പനിയുടെ വരുമാനം. ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണ്. പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി പ്രതിവർഷം പത്ത് സ്റ്റോറുകൾ വീതം തുറക്കുന്നത് തുടരുകയാണെന്നും ഡെക്കാത്‌ലോണിന്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും കമ്പനി വ്യക്തമാക്കി.