ദുബായ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയാണ് പട്ടികയിൽ ഇടം നേടിയ ഏക മലയാളി. ജിസിസിയിൽ നിന്നുള്ള ഏക ഇന്ത്യൻ വ്യവസായി കൂടിയാണ് എംഎ യൂസഫലി. പട്ടികയിൽ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യൺ ഡോളറാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യയിൽ നിന്ന് 12 വ്യവസായികളാണ് പട്ടികയിൽ ഇടം പിടിച്ചത്.
മുകേഷ് അംബാനിയാണ് ഇന്ത്യയിൽനിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105 ബില്യൺ ഡോളർ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യൺ ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്.
സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്‌കാണ് ലോക സമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്. 6.73 ബില്യൺ ഡോളറിന്റെ വർധന ഇക്കാലയളവിൽ മസ്‌കിനുണ്ടായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യൺ ഡോളറിന്റെ ആസ്തിയോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർണോയാണ് നാലാം സ്ഥാനത്ത്. 193 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്.
ആദ്യ നൂറുപേരുടെ പട്ടികയിൽ 59 പേരും യു.എസ്., ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരിൽ യു.എസിൽനിന്ന് 35 പേരും ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് 12 പേർ വീതവും ഇടം പിടിച്ചു.