കൊച്ചി: മണപ്പുറം ഫിനാൻസ് 4000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. വിദേശ കറൻസി ബോണ്ടുകൾ വഴി 500 മില്യൺ ഡോളർ (ഏകദേശം 4,180 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾക്കനുസൃതമായി യു.എസ് ഡോളർ ബോണ്ടുകൾ ഉൾപ്പെടെയുള്ളവ പരിഗണിക്കും. ഒന്നോ അതിലധികമോ തവണകളായി പരമാവധി 500 മില്യൺ ഡോളർ സമാഹരിക്കാനുള്ള നിർദേശമായിരിക്കും മുന്നോട്ടു വയ്ക്കുക.
മാർച്ചിൽ മണപ്പുറം ഫിനാൻസിന് 6000 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയിരുന്നു. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിദേശ കറൻസി ബോണ്ടുകലിലൂടെ പണം സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഡയറക്ടർ ബോർഡ് മീറ്റിംഗിൽ ഇ.സി.ബി നിർദേശം അംഗീകരിച്ചേക്കും. പലിശയും മറ്റു വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും.